photo

മെഡലിന്റെ തിളക്കത്തിൽ ജന്മനാടിന്റെ ആദരം;

മുഹമദ് ബാസിലിനെയും കോച്ച് അനസിനെയും ചേർത്തുപിടിച്ച് പൊന്നാനി നഗരസഭ

പൊന്നാനി: പരിമിതികളെ അതിജീവിച്ച് കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ മുഹമ്മദ് ബാസിലിന് ജന്മനാടിന്റെ സ്നേഹാദരം.
2026 ഏഷ്യൻ പാരാ ഗെയിംസ് അത്‌ലറ്റിക്സിൽ T47 വിഭാഗത്തിൽ വെള്ളിമെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മുഹമദ് ബാസിലിനെയും ഈ വിജയത്തിലേക്ക് നയിച്ച പരിശീലകൻ അനസ്മാസ്റ്ററെയും പൊന്നാനിനഗരസഭ ആദരിച്ചു.
എം.ഇ.എസ് കോളേജ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഹമദ് ബാസിലിനെയും പരിശീലകനെയും സ്വീകരിച്ച് നഗരസഭാ കോൺഫറൻസ് ഹാളിലേക്ക് ആനയിച്ചു. 
തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു. പരിമിതികൾ സ്വപ്നങ്ങൾക്ക് അതിരിടില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ബാസിലിന്റെ നേട്ടം പൊന്നാനിയുടെ കായികചരിത്രത്തിലെഅഭിമാന നിമിഷമാണെന്ന് ചെയർപേഴ്‌സൺ സി.വി. സുധ പറഞ്ഞു. ബാസിലിന്റെ കഴിവിനും നിശ്ചയദാർഢ്യത്തിനുമൊപ്പം ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകൻ അനസ് മാസ്റ്ററുടെ നിരന്തര പരിശ്രമവും സമർപ്പണവും പ്രത്യേകം അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ റീന പ്രകാശ്, ഷനിൽ കുമാർ, കൗൺസിലർ ടി.കെ. അഷ്റഫ്, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ, മുനിസിപ്പൽ എൻജിനീയർ റഫീഖ് എന്നിവർ സംസാരിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. മഷൂദ് സ്വാഗതവും കൗൺസിലർ സാദിഖ് നന്ദിയും പറഞ്ഞു. മുഹമ്മദ് ബാസിൽ, പരിശീലകൻ അനസ് മാസ്റ്റർ, ബാസിലിന്റെ പിതാവ് സിറാജുദ്ദീൻ എന്നിവർ ആദരവിന് നന്ദി പറഞ്ഞു.