photo

കലയും കായികവും കൈകോർക്കും; കേരളോത്സവത്തെ നാടിന്റെ ആഘോഷമാക്കാൻ പൊന്നാനി

യുവജനങ്ങളുടെ കലാ-കായിക മികവുകൾക്ക് പ്രോത്സാഹനം നൽകിയും അവരുടെ സർഗാത്മക കഴിവുകൾക്ക് ജനകീയ വേദിയൊരുക്കിയും പൊന്നാനി നഗരസഭയുടെ കേരളോത്സവം വിപുലമായി സംഘടിപ്പിക്കും.

യുവജനങ്ങളുടെ ആഘോഷം എന്നതിലുപരി കേരളോത്സവത്തെ നാടിന്റെ ഉത്സവമാക്കി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ കേരളോത്സവം സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

യുവപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കലാ-കായിക-സാംസ്കാരിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താനും കേരളോത്സവം വഴിയൊരുക്കും. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ക്ലബ്ബുകൾ, വായനശാലകൾ, സാംസ്കാരിക സംഘടനകൾ, കലാ-കായിക കൂട്ടായ്മകൾ എന്നിവരെയും ഉൾപ്പെടുത്തി ആഘോഷം ജനകീയമാക്കും.

സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. മഷൂദ്, ഷനിൽ കുമാർ, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, പി. ശംസുദ്ദീൻ, മുനിസിപ്പൽ അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ, കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ ശിവകുമാർ ടി., പൊന്നാനി പോലീസ് എ.എസ്.ഐ. മനോജ് കെ.പി., ഇബ്രാഹിം പൊന്നാനി, വിവിധ ക്ലബ്ബുകൾ, വായനശാലകൾ, യുവജന സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാഭ്യാസ-കലാ-കായിക-സാംസ്കാരിക സ്ഥിരം സമിതി അധ്യക്ഷ സൗദാമിനി ടീച്ചർ സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ ജവാദ് നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ.പി. നൗഷാദലി എം.എൽ.എ., നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി എന്നിവരെയും ചെയർപേഴ്‌സണായി നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധയെയും ജനറൽ കൺവീനറായി മുനിസിപ്പൽ അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷിനെയും തെരഞ്ഞെടുത്തു.